Wednesday, June 20, 2012

ആണ്‍ മയില്‍പീലിയുടെ ചിന്തകള്‍ 

മഴ മാഞ്ഞ ആകാശത്തിന്റെ നീല തുണ്ടിലോരെണ്ണം ഒരിക്കല്‍ അടര്‍ന്നു വീണു 
പച്ചിലച്ചാര്‍ത്തിന്റെ അറ്റത്തു നിന്നും ഒരു ചില്ല കാറ്റില്‍ ഒടിഞ്ഞു വീണു 
ആകെ ചടച്ചു എല്ലും തോലുമായി മാറിയ ഞാന്‍ അത് രണ്ടും എടുത്തു ദേഹമാകെ പൂശി
അടുത്ത് കണ്ട കാ‍ന്താരി മുളകിന്റെ അരികള്‍ കൊത്തി തിന്നു
മഴക്കാറു വന്നു മാനത്തു തുള്ളിക്കളിച്ചപ്പോള്‍ 
അവയ്ക്കൊപ്പം മണ്ണില്‍ ഞാനും നൃത്തം വച്ചു
തലയുയര്‍ത്തി, എന്റെ സൗന്ദര്യം കണ്ടു പിന്നാലെ വന്ന പിടകളെ നോക്കി 
കണ്ണിറുക്കി തെല്ലു ഗമയോടെ അഹങ്കാരത്തോടെ ഞാന്‍ നടന്നു.

ഇന്ന് ഞാന്‍ ശ്വാസം വിടാനും ആകാശം കാണാനും കൊതിക്കുന്നു
ആണ്‍മയില്‍പീലി പ്രസവിക്കില്ലെന്നു ഞാന്‍ എങ്ങനെ ഈ കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കും?
അവളുടെ നേര്‍ത്ത മലയാളം പുസ്തകത്തില്‍ ബഷീറിന്റെ പാത്തുമ്മയുടെ ആടിന്റെ പാലും 
'ഉതുപ്പാന്റെ കിണ'റ്റിലെ വെള്ളവും
മാധവിക്കുട്ടിയുടെ 'നീര്‍മാതളത്തിന്റെ' തണലും പറ്റി 
മലയാറ്റൂരിന്റെ 'വേരുകള്‍' ഇല്‍ തട്ടി തടഞ്ഞു കിടക്കുന്നു..
ഇവിടെ എനിക്ക് സുഖമാണ് പ്രിയേ.. 
നീ ഈ സമയം കൊണ്ട് എന്നെ കാണാഞ്ഞു വേറെ ആരെയെങ്കിലും വരിചിട്ടുണ്ടാകുമെന്നു കരുതുന്നു..
കാഴ്ചയ്ക്കപ്പുറം സ്നേഹത്തിനു ആയുസ്സില്ലെന്ന് ഒരിക്കല്‍ ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോകുന്നു..
സ്നേഹം ഒരിക്കലും ഒരു അന്ധത അല്ലെന്നും..

2 comments:

Unknown said...

പ്രിയപ്പെട്ട മയില്‍പീലി...

നീ ഉറങ്ങുന്ന വേരിലും ഇതളിലും , നിറഞ്ഞുതുളുമ്പുന്ന പ്രണയത്തിന്‍റെ നിഴലും, നിലാവും ഇനിമുതല്‍ നിനക്ക് സ്വന്തമായിരിക്കട്ടെ...
മാഞ്ഞുപോയൊരു പ്രണയത്തിന്‍റെ നോവാകാതിരിയ്ക്കട്ടെ...


എല്ലാവിധ ആശംസകളും...

Rijoola said...

thnq sooo much Nandu TS..