Tuesday, January 27, 2015

ഓർമ്മപ്പെടുത്തലുകൾ..

കൊഴിയുന്ന ഓരോ ഇലയും
പറന്നകലുന്ന ഓരോ നിമിഷവും
മരിച്ചു വീഴുന്ന ഓരോ പകലും
ജിഹ്വാന്ധരങ്ങളിൽ നിന്നും ഉതിർന്നു  വീഴുന്ന ഓരോ വാക്കും
ഓർമ്മപ്പെടുത്തലുകളാണ് 
മനുഷ്യൻ എത്ര നിസ്സാരനാണെന്നതിന്റെ..
നമ്മുടെ കഴിവില്ലായ്മയുടെ..

അഹന്തയുടെ നെറുകയിൽ അടിക്കപ്പെടുന്ന ആണികൾ..
കാലവും കോലവും മാറി
രൂപാന്ദരം സംഭവിക്കുമ്പോൾ നാം ആ നിസ്സഹായത ഓർത്തെടുക്കുന്നു..
യൗവനത്തിന്റെ തുടിപ്പിൽ
പണം തേടിയുള്ള പാച്ചിലിൽ
എന്തും വിലയ്ക്ക് വാങ്ങാം എന്ന ധാർഷ്ട്യത്തിൽ
നാം പലതും മറക്കും..
കണ്ടില്ലെന്നു നടിക്കും..

ജടയിൽ വീഴുന്ന വെള്ളിരേഖകൾ ചായം മുക്കി മറയ്ക്കും..
ചുളിവുകളിൽ ലേപനങ്ങൾ പുരട്ടും
ചുറ്റുമുള്ളതെല്ലാം മാറും
നാമൊഴികെ..
നമ്മുടെ അഹന്തയും ധിക്കാരവും ഒഴികെ..

ജീവിതം ഒരു ഓർമ്മപ്പെടുത്തലാണ്..
ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസവും
ഇനിയും ചെയ്യാതെ ബാക്കി വെച്ചിരിക്കുന്നവയുടെ
പറഞ്ഞു തീർക്കാത്ത പരിഭവങ്ങളുടെ
നല്കാതെ ഉള്ളിന്റെ ഉള്ളിൽ  ഒളിപ്പിച്ചു വെച്ചിരിക്കുന്ന
സ്നേഹത്തിന്റെ
കടം വീടാനുണ്ടല്ലോ എന്ന ഓർമ്മപ്പെടുത്തലുകൾ..

ബോധപൂർവം നാം ഓരോന്നും മറക്കുമ്പോൾ 
എല്ലാം ഒരു ഓർമപ്പെടുത്തൽ മാത്രമാണ്..