Tuesday, February 17, 2009

അമൃതം ഗമയ: ...

ഒരു മഴയുടെ മര്‍മരം കൊതിച്ചു തളര്‍ന്നുറങ്ങിയ രാവുകളും
ഒരു പുഴയുടെ മടിയില്‍ തലചായ്ച്ച് കുളിര്‍ത്തു മുങ്ങിനിവരാന്‍ കൊതിച്ച പകലുകളും
വസന്തത്തിന്റെ തലോടല്‍ അറിഞ്ഞു മയങ്ങാന്‍ മോഹിച്ച സന്ധ്യകളും ഒടുവില്‍ അഗ്നിയുടെ ചൂടില്‍ ലയിച്ചു പാപമുക്തയാവാന്‍ തുടിച്ച
ഒരു മനസ്സും മാത്രമാണിന്ന് എനിക്ക് സ്വന്തം

അകലും തോറും വീണ്ടും വീണ്ടും എന്നിലെക്കടുക്കുന്ന
മോഹിപ്പിച്ചു വീണ്ടും അകലെ മറയുന്ന
കാലത്തിന്റെ കൂത്തമ്പലത്തില്‍ തുള്ളി കളിക്കുന്ന
ഒരു പാവം പച്ചകുതിരയായി ജീവിതം
ഒരു ചോദ്യചിന്നതിന്റെ ഭാവം പൂണ്ടുനില്ക്കുന്നത് കണ്ടു എല്ലാവരും ചിരിക്കുന്നു..

ഞാന്‍ അശോകവനിയിലെ സീതയല്ല..
രാമന്റെ മാറിലെ ചൂടു ഞാന്‍ അറിയുന്നില്ല,
ലക്ഷ്മണന്റെ കരുതലോ ദയയോ ഇല്ല..
ഉള്ളത് ചുറ്റിലും രാവണന്മാര്‍ മാത്രം..
ദംഷ്ട്രകള്‍ നീട്ടി എന്റെ സ്ത്രീത്വം കാര്‍ന്നു തിന്നാന്‍ വെമ്പല്‍ കൊള്ളുന്ന അസുരന്മാര്‍ മാത്രം..

ഞാന്‍ കണ്വാശ്രമത്തിലെ ശകുന്തളയല്ല..
എനിക്കായി ഒരു മുദ്രമോതിരം തരാന്‍ ഒരു ദുഷ്യന്ത മഹാരാജവുമില്ല..
ഉള്ളത് വെറും നിഴലുകള്‍ മാത്രം..
അസ്ഥിത്വമില്ലാത്ത, വെളിച്ചത്തിനപ്പുരം നിലനില്‍പ്പില്ലാത്ത കറുത്ത നിഴലുകള്‍ മാത്രം..

ഞാന്‍ ഭൈമ പുത്രിയായ ദമയന്തിയല്ല ..
എനിക്കായി ഹംസദൂതയക്കാന്‍ നളനുമില്ല..
ഉള്ളതെല്ലാം നളന്റെ അപരന്മാര്‍ മാത്രം..
സ്നേഹം നൈമിഷികമായ ഒരു വിനോദമായി കാണുന്ന കുറേ നളന്മാര്‍..

അമ്പാടിയിലെ രാധയാണോ ഞാന്‍..?
പക്ഷെ എനിക്കായി സ്നേഹത്തിന്റെ അമൃത്‌ പകരുന്ന,
എന്റെ സ്നേഹവും സ്വപ്നങ്ങളും കവര്‍ന്നെടുത്ത കണ്ണനില്ല..
ഉള്ളത് ഒരു രാധ മാത്രം..
സ്നേഹം സത്യമാണെന്ന് വിശ്വസിക്കുന്ന അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു രാധ മാത്രം..
എന്റെ കണ്ണന്‍ പക്ഷെ എന്നെ കാണുന്നില്ല ..

അറിയാത്ത ഒരു നിര്‍വികാരത എന്റെ കണ്ണുകളെ വെളിച്ചത്തില്‍ നിന്നു
മറച്ചു നിര്ത്തുന്നു..
പരസ്പരം അറിയാത്ത ഒരു സന്കല്പത്തിനെ തേടി നടന്ന ഒരു നൈമിഷിക യാത്രയിലായിരുന്നു
എന്റെയും നിങ്ങളുടെയും ജീവിതം എന്ന് തിരിച്ചരിയുന്നിടത്
ജീവന്റെ അവസാന ശ്വാസം ദേഹം വിട്ടു പുറത്തു പോകയോ..?

എഴുതുവാന്‍ ഇനിയും എത്രയോ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ..
വേദനകള്‍ അവശേഷിപ്പിച്ചു ..
ചാലിച്ച് വെച്ച എത്രയോ നിറക്കൂട്ടുകളും ബാക്കിയാക്കി
ശാശ്വതമായ സ്നേഹം തേടി അനന്ത വിഹായിസ്സിലെ നീര്മാതള ചോട്ടിലേക്ക് പാറിപറന്നു പോയ ആമിക്ക് സമര്‍പ്പിക്കുന്നു ..
എന്റെ നഷ്ടസ്വപ്നങ്ങളുടെ ഒരു തിരിനാളം..

സ്നേഹപൂര്‍വം..