Thursday, October 23, 2008
ചെമ്പകങ്ങള്‍ പൂക്കുന്നത് എന്തിനുവേണ്ടി...???
പിന്നെ മുല്ലപ്പൂവിന്റെ...
കൈകളിലൂടെ ഹൃദയത്തിലേക്ക് ആ ഗന്ധം സഞ്ചരിക്കുമ്പോള്‍
ഒരു നവ്യാനുഭൂതി...
ഒരു പ്രത്യേക സുഖം...
കണ്ണടച്ച് അത് ആത്മാവിലേക്ക് ആവാഹിക്കുമ്ബൊല് ഓര്‍മകളുടെ ഒരു പെരുമഴ...
പലപ്പോഴും ഈ ഗന്ധങ്ങള്‍ ബാക്കി വെക്കുന്നത് വേദനിപ്പിക്കുന്ന ചില ഓര്‍മകള്‍ ആണ്...
വേണ്ടെന്നു വെക്കുമ്പോള്‍ ചിന്തകളിലേക്ക് ഊളിയിട്ടു വരുന്ന ചില നൊമ്പരങ്ങള്‍ ആണ് ...
പറഞ്ഞു തുടങ്ങുമ്പോള്‍ വാക്കുകളില്‍ എല്ലാം നീ ബാക്കി വെച്ചു പോയ ചില ചിത്രങ്ങള്‍...
എത്ര മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും തികട്ടി വരുന്ന നിന്റെ ഓര്‍മ്മകള്‍...
വൃന്ദാവനത്തിലെ രാധ കണ്ണനെ തേടുന്നത് പോലെ..
ഇവിടെ, ലോകത്തിന്റെ ഈ ചെറിയ കോണില്‍
ഞാന്‍ നിന്നെ തേടുകയാണ്...
നീ തിരികെ വരില്ലെന്ന് അറിയാമെന്കിലും
ഓരോ ദിവസവും കാണുന്ന മുഖങ്ങളില്‍ എല്ലാം ഞാന്‍ കാണുന്നത് നിന്നെയാണ്...
ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്റെ മുഖം മാത്രം...
വരുമ്പോള്‍ ചോദിയ്ക്കാന്‍ ഒരു ചോദ്യവും...
കേള്കുന്നതെല്ലാം നിന്റെ മാത്രം ശബ്ദം..
കേട്ടു മാത്രം എനിക്കറിയുന്ന നിന്റെ ശബ്ദം...
"രാത്രിയുടെ ഈ തണുത്ത കോണില്‍.. എന്തിന് എന്നെ നീ തനിച്ചാക്കി കടന്നു പോയി..??
എന്തിന് വെറുതേ എനിക്ക് സ്വപ്‌നങ്ങള്‍ തന്നു..??
വെറുതേ ആണെന്കിലും എന്തിന് എന്നെ നീ സ്നേഹിച്ചു, മോഹിപ്പിച്ചു...??"
മുന്‍പിലുള്ള എല്ലാ വഴികളിലും ഞാന്‍ നിന്നെ കാത്തിരിക്കുന്നു...
നിന്നെ മാത്രം...
നീ വരില്ലെന്ന് അറിയാമെന്കിലും...
പ്രതീക്ഷിക്കുന്നു...
ജീവന്റെ അവസാന ശ്വാസം വരെയും...
Monday, October 13, 2008
ഒരു ബ്ലാക്ക് & വൈറ്റ് സ്വപ്നം
ബാല്യത്തിന്റെ നിറം എന്താണ്...??
ബാല്യത്തിനു നിറമോ?
അസാധ്യം...
എന്ത് കൊണ്ടെന്നാല്‍ ബാല്യത്തില്‍ സ്വപ്നങ്ങള്‍ക്ക് അനുവാദമില്ല
ബാല്യം എന്നത് കഞ്ഞിയും കറിയും വെച്ചു കളിക്കുന്ന
അമ്മയുടെ ചൂടു പറ്റി സാരി തുമ്പില്‍ ഞാന്നു കളിക്കുന്ന
വികൃതി അതിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു അനുഭൂതിയാണ്...
അത് അനുഭൂതിയാണെന്ന് നമ്മള്‍ തിരിച്ചറിയുമ്പോള്‍ പക്ഷെ ബാല്യം
നമ്മെ വിട്ടുകാതങ്ങള്‍ അകലെ മാറി നിന്നു ചിരിക്കാനും
കൊഞ്ഞനം കാട്ടാനും തുടങ്ങിയിട്ടുണ്ടാവും
നഷ്ടമായതോന്നും തന്നെ തിരിച്ചു പിടിക്കാനാവില്ലെന്നു
വേദനയോടെ നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങും
അതിന്റെ നോവ് മാറ്റാന്‍ നമ്മള്‍ മക്കളെ താലോലിക്കും
അവരുടെ കുസൃതികള്‍ നമ്മള്‍ ആസ്വദിക്കും
സ്വകാര്യമായി അഹന്കരിക്കും
"എനിക്കും ഉണ്ടായിരുന്നു ഇതിനെക്കാള്‍ നല്ല ഒരു ബാല്യകാലം"
എന്ന് ജല്പിക്കും...
ബാല്യത്തിനു ശേഷം വരുന്ന ക്ഷുഭിത കൌമാരത്തിന്/യൌവ്വനതിനു നൂറുനിറം ....
വിവിധങ്ങളായ നിറങ്ങള്‍ കൊണ്ടു തീര്ത്ത മാരിവില്ലാണ് അന്ന് മനസ്സു നിറയെ
"എല്ലാ കണ്ണുകളും എന്നെ നോക്കുന്നു" എന്നോര്‍ത്ത് ലജ്ജിച്ചേ നമ്മള്‍ നടക്കൂ...
എപ്പോളും കണ്ണുകള്‍ കഥയും കവിതയും പറഞ്ഞു ചിരിക്കുന്നത് നമ്മള്‍ ആസ്വദിക്കും
എന്നും നിറയെ സ്വപ്‌നങ്ങള്‍ കാണും...
ഒടുവില്‍ കൌമാരം വിടപറയുമ്പോള്‍ സ്വപ്നം മാത്രം ബാക്കിയാവും...
ഒരു പിടി കണ്ണീര്‍ പൂക്കളും...
ജീവിത പാച്ചിലിനിടയില്‍ പിന്നെ സ്വപ്നത്തിനു നേരമെവിടെ...?
ഉറക്കം വെറും ഒരു ചടങ്ങാവും..
പെണ്മക്കള്‍ മുതിര്‍ന്നു വീട്ടില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍..?
കണ്ണടച്ചാലും തുറന്നാലും നഖം കൂര്പിച്ചു നില്ക്കുന്ന കാപാലികന്മാരുടെ ഇരുണ്ട ചിത്രങ്ങള്‍...
ഉറക്കം ഹോമിച്ചു മക്കള്‍ക്കായി ജീവിക്കും
ഒടുവില്‍ സ്വപ്നം കാണാന്‍ കിട്ടുന്നതാവട്ടെ വാര്‍ധക്യം മാത്രം
vardhakyathil നിറം പിടിപ്പിച്ച ഗുളികകളും മരുന്നുകളും കണ്ണുകളെയും മനസ്സിനെയും മറയ്ക്കും
അതിനുമപ്പുറം സ്വപ്നം കാണാന്‍ കൊതിച്ചു കാത്തു കിടക്കുമ്പോള്‍
ഉറക്കഗുളികകള്‍ നിറമില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ നമ്മുടെ നേര്‍ക്ക് നീട്ടുന്നതാവട്ടേ..
വെറും ബ്ലാക്ക് & വൈറ്റ് 70 mm സ്വപ്‌നങ്ങള്‍ മാത്രവും ...
Saturday, October 11, 2008
ശബ്ദം ബാക്കി വെക്കുന്നത്...
മഴയുടെ താളവും സുഖവും താലോലിച്ചും ഒമാനിച്ചും
ഒരാഴ്ച തള്ളി നീക്കും...
ഒപ്പം പാടത്തും വരമ്പത്തും കൂട്ടമായി കരയാന്‍ തവളകളും ചീവീടുകളും അവരുടെ മക്കളും കുടുംബക്കാരും...
ആഴ്ച രണ്ടാവുമ്പോള്‍ മഴയുടെയും നമ്മുടെയും മുഖത്ത് ഭാവം മാറും
'എന്തൊരു മഴ' യെന്നാദ്യവും'എന്തൊരു നശിച്ച മഴ' എന്ന് രണ്ടാമതും നമ്മള്‍ പറയും...
മഴയാവട്ടേ താന്ടവമാടും
ചിന്നി ചിതറി നിന്ന മഴ തുള്ളിക്കൊരു കുടം പെയ്യുമ്പോള്‍
പുഴയും വഴിയും ഒന്നാവും...
ആ വെള്ളത്തില്‍ വിരുന്നു വരുന്ന വരാലുകള്‍ കണ്ണിനും വയറിനും വിരുന്നുമാവും...
ദിവസമേറെ കഴിയുമ്പോള്‍ മഴ മാറി ചിങ്ങത്തിന്റെ വെയില് തെളിയും
ആദ്യവെയിലിനെ നമ്മള്‍ പ്രണയിക്കും
മുഷിഞ്ഞ തുണികളും മനസ്സും നെല്ലും നമ്മള്‍ വെയിലില്‍ ഉണക്കും..
ഓണത്തിന് ഒരുങ്ങി നില്‍കുന്ന പ്രകൃതിക്കും ഒരു സന്തോഷ ഭാവം
പൂക്കളം ഒരുക്കാന്‍ നമ്മള്‍ തൊടികള്‍ തോറും കയറി നടന്നു പൂവിരുക്കും..
കുറെ പൂവുകള്‍ കട്ട് പൊട്ടിക്കും..
നമ്മള്‍ പാട്ടുകള്‍ പാടി നാടും വീടും ഉണര്‍ത്തും ...
ഇന്നു ശബ്ദം നമുക്കു ലാപ്ടോപില്‍ നിന്നുയരുന്ന ഗാനങ്ങളില്‍ ആണ്..
മൊബൈല് ഇന്റെ ringtone ആണ്...
അതിലെ MP3 ആണ്..
നഗരത്തിന്റെ തിരക്കുകള്‍ ആണ്,
തീവണ്ടിയുടെ കൂക്ക് വിളികള്‍ ആണ്...
ഇന്നും നമ്മള്‍ ഓര്‍ക്കും ...
കര്‍ക്കിടകത്തില്‍ പുത്തന്‍ പുസ്തക സന്ചിയും,
നമ്മുടെ പുത്തന്‍ ഉടുപ്പുകളെയും നനയിച്ച മഴയും
മഴയില്‍ നിറയുന്ന പുഴയും
പാടവരമ്പില്‍ കരയുന്ന ചീവീടുകളും തവളകളും...
ഇന്നു ശബ്ദം നമുക്കു വെറും ഓര്‍മ്മകള്‍ മാത്രമാണ്...വെറും ഓര്‍മ്മകള്‍ മാത്രം...
ഓര്‍മചിത്രങ്ങള്‍..
ഇന്നലെയുടെ സൈരന്ദ്രീതടത്തില്‍ ഉല്‍ഭവിച്ചു മനസ്സുകളില്‍ വീണു മരിക്കുന്ന ഓര്‍മ്മകള്‍...
വേനലില്‍ പുഴ വറ്റി വരണ്ടു പോവും പോലെ
ഇടയ്ക്കെപോഴോ ഓര്‍മയും വരണ്ടു പോകുന്നു
മഴ പോലെ ചില സ്നേഹങ്ങള്‍ വീണ്ടും അതിന്റെ തീരങ്ങളെ കുളിര്‍പ്പിക്കുന്നു...
ചിലപ്പോള്‍ ചെരാതുകളില്‍ എരിയുന്ന തിരി പോലെ ഓര്‍മ..
മുനിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കത്തും ...
ആകാശത്തിലെ ചന്ദ്രക്കല പോലെ വിടര്‍ന്നും മറഞ്ഞും ഒളിച്ചു കളിക്കും...
വളപ്പൊട്ട് പോലെ നിറം ചാര്‍ത്തി നില്ക്കും ...
എന്റെ പാവാട തുമ്പില്‍ മറഞ്ഞു നില്‍കുന്ന നാണക്കാരിയാണ് എന്റെ ഓര്‍മ കുട്ടി...
ഇന്നലെ പെയ്ത മഴയില്‍ വാടി വീണ പൂവ് പോലെ
എന്റെ മുറ്റത്ത് ഒരു കോണില്‍ എന്റെ ഓര്‍മ പൂവ്..
കൊന്ന പൂവിന്റെ മഞ്ഞയും,
ചെമ്പനീര്‍ പൂവിന്റെ ചോപ്പും,
തുമ്പ പൂവിന്റെ വെണ്മയും,
കോളാമ്പി പൂവിന്റെ നീലിമയും,
മുല്ല പൂവിന്റെ സുഗന്ധവും നൈര്‍മല്യവും,
ചെമ്പകത്തിന്റെ സൌരഭ്യവും ആയിരുന്നു ഇവിടെ മുഴുവനും..
എന്റെ ഓര്‍മ പൂവിന്റെ സുഗന്ധവും നൈര്‍മല്യവും ആണ്
ഇന്നെന്റെ കൈകളിലും മനസ്സിലും...
മഞ്ഞിന്റെ മുഖപടം ചൂടി എന്നെ തേടി എന്റെ മനസ്സില്‍
വിരുന്നു വന്ന ഒരു സുന്ദരിയായിരുന്നു എന്റെ ഓര്‍മ പെണ്ണ് ...
പക്ഷെ ഇന്നലെയുടെ കല്പടവുകളില്‍ എവിടെയോ
വീണു ഉടന്ഞൊരു ചീന കളിമണ്‍ പാത്രം മാത്രമാണ് ഇന്നെന്റെ ഓര്‍മ ചിത്രം...
ഉടഞ്ഞ അതിന്റെ ചില്ല് പെറുക്കി എന്റെ വിരല്‍ മുറിഞ്ഞു...
അതില്‍ നിന്നുതിര്‍ന്ന ഉത്തിരത്തിന്റെ നിറം ആണിന്നു എന്റെ ഓര്‍മയ്ക്ക്...
നാളെ അത് ഉണങ്ങി നിറം മങ്ങി എന്നെ നിറമില്ലാത്ത ജല രേണു ആക്കിയേക്കാം...
അതില്‍ തെളിയുന്ന മഴവില്ലുമാവം നാളെ എനിക്ക് എന്റെ ഓര്‍മ പൂവ്...
ഏഴ് നിറങ്ങള്‍ ചാര്‍ത്തി ശോഭിച്ചു നില്ക്കുന്ന മനോഹരിയായ എന്റെ ഓര്‍മ വിളക്ക്...
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ കാണുന്നതെല്ലാം നിന്റെ ചിത്രങ്ങള്‍ ആയിരിക്കും...
ഞാന്‍ ഇല്ലാത്ത നിന്റെ മാത്രം ചിത്രം...
Thursday, October 9, 2008
വിടരാതെ കൊഴിഞ്ഞ പൂവിനു... സ്നേഹപൂര്‍വം
ബാഷ്പാഞ്ജലി...
സ്നേഹം ഒരു പ്രേതത്തെ പോലെ...
കണ്ടവരില്ല, കേട്ടവര്‍ മാത്രം...
തേടി നടക്കുന്നവര്‍ മാത്രം...
അനുഭവച്ചവര്‍ അതിനെ പുകഴ്ത്തി പാടി...
അല്ലാത്തവര്‍ പറഞ്ഞു "ഇതൊക്കെ വെറും മിഥ്യ.."
സത്യത്തെ പോലെ പലപ്പോഴും സ്നേഹം അതിന്റെ വികലമായ മുഖം
മറനീക്കി കാണിച്ചപ്പോള്‍ നമ്മള്‍ അതിനെ വിട്ടു ദൂരെ മാറി പോയി...
സ്നേഹം മാത്രം ബാക്കിയായി..
ഏകയായി ഒരു കോണില്‍ ഇരുന്നു കണ്ണീര്‍ വാര്‍ത്തു...
നമ്മള്‍ നട്ട ചെമ്പക ചോട്ടില്‍ നമ്മെയും കാത്തു നില്കുന്നു...
ഇനി നീ വരാന്‍ ഞാന്‍ കാത്തു നില്കുന്നില്ല...
മഴ ഒളിച്ചു കളിച്ചത് പോലെ നീ അകലെ എവിടെയോ
ജീവിതത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടി പോയപ്പോള്‍...
ഇവിടെ ഈ വേനലില്‍ ഞാനും എന്റെ ചെമ്പകവും നിന്നെയും കാത്തു നിന്നു...
ഇനി ഞാന്‍ വെള്ളം ഒഴിക്കട്ടെ... നിന്റെ ഗന്ധമുള്ള പൂവുകള്‍ വിടര്‍ന്നു
അത് ഞാന്‍ എന്റെ മുടിയില്‍ ചുടട്ടെ...
നീ തന്ന ഓര്‍മകളെ പുല്‍കി ഞാന്‍ ഉറങ്ങട്ടെ...
ഓര്‍ക്കുക ഇവിടെ ഞാനും എന്റെ ഓര്‍മകളും തനിച്ചാണ്...
എന്റെ സൌഹൃദങ്ങളില്‍ നിറം പകരാന്‍ നീ മാത്രമെ ഉണ്ടായിരുന്നുള്ളു നന്ദ...
നിന്റെ എഴുത്തുകള്‍ തന്ന ഊര്‍ജം ആണ് ഇന്നെന്റെ പേനയിലെ മഷി...
നിന്റെ വാക്കുകള്‍ തന്ന രസം ആണ് ഇന്നെന്റെ മഷിക്ക് നീല നിറം...
ഇന്നലെ നീ ഒരു വാടിയ തുളസി ക്കതിര് പോലെ എന്റെ മുന്നില്‍
കണ്ണുകളില്‍ തോരാത്ത ഒരു കാര്മേഖവുമായി നിന്ന ചിത്രമാണ് ഇന്നു എനിക്ക് വിഷയം...
ഒരിക്കലും വാടാതെ നാം കാത്ത സ്നേഹത്തിനു ബാഷ്പാഞ്ജലി... എന്റെയും.. നിന്റെയും...